Home

തീസ്യൂസിന്റെ കപ്പൽ

പി. സുനിൽ കുമാർ
പി. സുനിൽ കുമാർ
CE
1991

നിങ്ങളെ നിങ്ങൾ ആക്കുന്ന പ്രത്യേകതകൾ എന്തൊക്കെയാണ്?!.

 

ഒന്നു കൂടി വിശദമാക്കാം നിങ്ങൾ എന്ന മനുഷ്യൻ മറ്റുള്ള മനുഷ്യരിൽ നിന്ന് വ്യത്യസ്തനാണ്.

അങ്ങനെ വ്യത്യസ്തനായി നിങ്ങളെ നിങ്ങളായി നിലനിർത്തുന്നത് എന്തൊക്കെ കാര്യങ്ങൾ കൊണ്ടാണ്?.

തീർച്ചയായും അതിൽ പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടാവാം. നെഗറ്റീവ് ആയ കാര്യങ്ങളും ഉണ്ടാവാം. നിങ്ങളിലുള്ള കുറേ കാര്യങ്ങള്‍ക്ക് കാലക്രമേണ മാറ്റം വരികയാണെങ്കില്‍  നിങ്ങളെ വീണ്ടും നിങ്ങൾ എന്നു തന്നെ വിളിക്കുമോ.?

നിങ്ങൾ പതിനഞ്ചു കൊല്ലം മുന്നേ ഒരു പുതിയ മാരുതി കാർ മേടിച്ചിരുന്നു എന്നു വിചാരിക്കുക. ആദ്യത്തെ അഞ്ചു കൊല്ലം ചെറിയ റിപ്പയറുകൾ വന്നിരുന്നു. പിന്നീട് കാറിന് കാര്യമായ പണികൾ വരാൻ തുടങ്ങി നിങ്ങളുടെ കാറിന്റെ ഡോറുകൾ മാറ്റി വെക്കേണ്ടി വന്നു.

അതിൻറെ സ്റ്റിയറിങ്ങ്, വീലുകൾ സീറ്റുകൾ, പെയിന്റിംങ്ങ് അവസാനം എൻജിൻ വരെ മാറ്റി വെച്ചു!!!.

 

ഇനിയാണ് ചോദ്യം.

ഇപ്പോഴും നിങ്ങളുടെ വണ്ടി ആ പഴയ മാരുതി തന്നെയാണോ ?. അതായത്, പണ്ട് നിങ്ങൾ വാങ്ങിയ മാരുതിയുടെ ഒരുവിധം എല്ലാ ഭാഗങ്ങളും മാറ്റിവച്ചു കഴിഞ്ഞു. എന്നാലും നിങ്ങൾ അതിനെ

പഴയ മാരുതി എന്ന് തന്നെയല്ലേ വിളിക്കുക?.

 

വളരെയധികം കുഴക്കിയിട്ടുള്ള ഒരു ചോദ്യമാണ് ഇത്!

 

ഇനി തീസ്യൂസിന്റെ കഥ കേൾക്കാം.

തീസ്യൂസ് എന്ന് പറയുന്ന ഒരാൾക്ക് നൂറു തടിക്കഷണങ്ങൾ ചേർത്തു വച്ച ഒരു കപ്പൽ ഉണ്ടായിരുന്നു.

തീസ്യൂസിന്റെ മരണശേഷം ആദ്യത്തെ കൊല്ലം ഒരു തടിക്കഷണം ദ്രവിച്ചു പോയതിനാൽ അത് മാറ്റി പുതിയൊരു തടിക്കഷണം വച്ചു. രണ്ടാമത്തെ കൊല്ലം വേറൊരു തടിക്കഷണം കേടായി, അത് മാറ്റി വേറെ ഒരെണ്ണം വച്ചു. അങ്ങനെ 100 കൊല്ലം കൊണ്ട് എല്ലാ തടി കഷണങ്ങളും മാറ്റി പുതിയ തടി കഷണങ്ങളാക്കി. അതായത് ഒറിജിനൽ തീസ്യൂസിന്റെ കപ്പലിലുണ്ടായിരുന്ന ഒരു തടിക്കഷണം പോലും ഇന്നില്ല.  എന്നാലും ഇതിനെ നമ്മൾ തീസ്യൂസിന്റെ കപ്പൽ എന്നാണ് വിളിക്കുന്നത് !.

 

അങ്ങനെ ഇപ്പോഴും അതിനെ തീസ്യൂസിന്റെ കപ്പൽ എന്ന് വിളിക്കുന്നതിൽ എന്താണ് അർത്ഥം?!

 

അല്ലെങ്കിൽ എത്രാമത്തെ തടിക്കഷണം മാറ്റുമ്പോഴാണ് തീസ്യൂസിന്റെ കപ്പൽ, തീസ്യൂസിന്റെ അല്ലാതായി മാറുന്നത്?

 

ഇനി വേറൊരു കാര്യം കൂടി.

തീസ്യൂസിന്റെ കപ്പലിൽനിന്ന്

ഓരോ കൊല്ലവും മാറ്റിയെടുത്ത തടിക്കഷണം വച്ച് വേറൊരു കപ്പൽ ഉണ്ടാക്കുന്നു എന്ന് വെയ്ക്കുക അങ്ങനെ ഈ 100 കൊല്ലം കൊണ്ട് വേറൊരു കപ്പൽ ഉണ്ടാക്കുകയാണെങ്കിൽ അതിനെയും തീസ്യൂസിന്റെ കപ്പൽ എന്നു വിളിക്കാൻ പറ്റുമോ?!.

ഇതിന്റെ ഉത്തരം അത്രയൊന്നും സങ്കീർണം അല്ല.

 

എന്തുകൊണ്ടാണ് ചാലിയാറിനെ നാം ചാലിയാർ എന്നും പെരിയാറിനെ പെരിയാർ എന്നും വിളിക്കുന്നത് ?

 

ഈ രണ്ടു പുഴയിലും വെള്ളമുണ്ട്. രണ്ടു പുഴയുടെയും കരകൾ ഏകദേശം ഒക്കെ ഒരു പോലെയാണ്. എന്നാല്‍, മഹാനായ തത്വചിന്തകൻ ഹെരാക്ലിറ്റസ് പറഞ്ഞതു പോലെ ഒരേ പുഴയിൽ ഒരാൾക്ക് രണ്ടു പ്രാവശ്യം ഇറങ്ങാൻ കഴിയില്ല!. കാരണം രണ്ടാം പ്രാവശ്യം പുഴ മാറിയിരിക്കുന്നു.

കാരണം പുഴയിലെ വെള്ളം മാറി. ഈ രണ്ടു പുഴകളും പലപ്പോഴും വഴി മാറി ഒഴുകുന്നുണ്ട്. നദി ഒഴുകുന്ന പ്രദേശങ്ങള്‍ക്ക് മാറ്റം വരുന്നുണ്ട്. നിങ്ങളും മാറിയിരിക്കുന്നു. എന്നാലും നാം ചാലിയാറിനെ ചാലിയാർ എന്നും പെരിയാറിനെ പെരിയാർ എന്നും തന്നെ വിളിക്കുന്നു.

 

ഒരു പുഴയിൽ ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ ഇറങ്ങാൻ കഴിയൂ എങ്കിലും പുഴ എത്ര മാറിയാലും പുഴയുടെ പേര് മാറുന്നില്ല!.

 

ഒരു വസ്തുവിനെ ആ വസ്തുവിന്റെ ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ചേർന്ന് ഒരു ബണ്ടിൽ പോലെ നമ്മുടെ മനസ്സിൽ പതിയുന്നതുകൊണ്ടാണ് ആ വസ്തുവിന്റെ പ്രതിരൂപം മനസ്സിൽ ഉണ്ടാവുന്നത്. അതിനാല്‍ ആ വസ്തുവിനെക്കുറിച്ചുള്ള മനസ്സിന്റെ ധാരണ, അതിന്റെ ഒറ്റയൊറ്റ പ്രത്യേകതകള്‍ വെച്ചല്ല, എല്ലാം ചേര്‍ന്ന ഒരു സഞ്ചയം ആയിട്ടാണ്‌ രൂപപ്പെടുക.

ഇത് എല്ലാവര്‍‌ക്കും ഒരേപോലെ തന്നെ ആവണമെന്നില്ല. ആ വസ്തുവിനെപ്പറ്റിയുള്ള അനുഭവങ്ങള്‍ തികച്ചും വൈയക്തികമാണെങ്കിൽ ഓരോ മനുഷ്യർക്കും ആ വസ്തുവിനെക്കുറിച്ചുള്ള ധാരണ വേറെ വേറെ ആയിരിക്കും. എങ്കിലും ആ വസ്തുവിനുള്ളില്‍ വരുന്ന മാറ്റങ്ങളോട് വ്യക്തിക്കും ഇതേ നിലപാടു തന്നെ.

 

അതായത്, സമൂഹതലത്തിലും വ്യക്തിതലത്തിലും, തിസ്യൂസിന്റെ കപ്പലുകള്‍ തിസ്യൂസിന്റെ കപ്പലുകള്‍ തന്നെ!.

 

WhatsApp