Home

ഭിക്ഷ

Rajesh S Anand
Rajesh S Anand
ME
2000

  "വെറുതെ ടൂർ പോകുന്നത് പോലെ പോകരുത്, കാവടി എടുത്തു തന്നെ പോകണം." പളനിയാത്രയെക്കുറിച്ച്‌ പറഞ്ഞപ്പോൾ തന്നെ ഭാര്യ ഓർമിപ്പിച്ചു. പണ്ടത്തെപ്പോലെ തർക്കിക്കാൻ പോയില്ല. അല്ലെങ്കിലും ദൈവങ്ങളെ ബഹുമാനിച്ചു തുടങ്ങിയിരുന്നു. ഫോര്മാലിന്റെ മണമുള്ള ചാരനിറമുള്ള ഒബ്സേർവഷൻ റൂമിൽ ഉറക്കമില്ലാതെ തൊണ്ട വരണ്ടു കിടന്നപ്പോൾ മറ്റൊരു ഓർമ്മയും സാന്ത്വനമായിരുന്നില്ലല്ലോ. ഗുരുവായൂര് പോകുമ്പോൾ പോലും പഴയ ധാർഷ്ട്യം വിട്ടു  മനസ്സ് സമരസപ്പെട്ടു കഴിഞ്ഞിരുന്നു.  മനുഷ്യ ഉയർത്തുന്ന മതിലുകൾക്ക് ദൈവങ്ങൾ എന്ത് പിഴച്ചു?  മറ്റൊരു രീതിയിൽ നോക്കിയാൽ കേൾക്കുന്നതിനും പഠിച്ചതിനും അപ്പുറം ചിന്തിക്കാൻ കഴിവില്ലാത്ത മനുഷ്യരെ സൃഷ്ടിക്കുന്നതും ഈ ദൈവങ്ങൾ തന്നെ അല്ലെ?

"വെറുതെ മുരുനെക്കുറിച്ച്  ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും വേണ്ട. ഭയങ്കര ശക്തി ആണ്" മനസ്സ് വായിച്ചിട്ടെന്ന പോലെ അവൾ തുടർന്നു. അതോടെ പറയാൻ വന്നത് ഉള്ളിലൊതുക്കി. "കുറച്ചു കൂടുതൽ വീടുകൾ ഭിക്ഷ എടുത്താൽ ചിലവിനുള്ള പൈസ കിട്ടുമല്ലോ എന്നാണ് പറയാൻ വന്നത് . പണ്ട് പളനിയെ കളിയാക്കിപ്പറഞ്ഞ ആരുടെയോ അവസ്ഥ അവൾ പറഞ്ഞതോർത്തു. പേഴ്സും പൈസയും മോണം പോയ അയാൾ തിരിച്ചു വരുവാൻ വേണ്ടി ഭിക്ഷ എടുത്തത്രേ.

നാട്ടിൽ പോയാലുള്ള ലാഭനഷ്ടങ്ങൾ മനസ്സിൽ കണക്കു കൂട്ടി നോക്കി. കമ്പനിയുടെ വർക്ക്‌ തുടങ്ങിയിട്ടില്ലാത്തതിനാൽ ലീവ് ഏറെയുണ്ട്‌. ഈ ഇടവേളയിൽ ചെയ്യാൻ ഒരുപാടു കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു. അതിന്റെ തുടർച്ച നഷ്ടപ്പെടും. ഒന്നും ചെയ്യാനില്ലാത്ത  ഗ്രാമത്തിന്റെ നിശ്ചലതയിൽ ചിട്ടകളൊക്കെ  ഇല്ലാതെയാവും. പിന്നെ അമ്മയെ കാണാം. അതാണല്ലോ ഏറെ പ്രധാനം. കഴിഞ്ഞ തവണ വന്നപ്പോൾ ശരീരത്തിനു ഒട്ടും സുഖമില്ലായിരുന്നു. എങ്കിലും സത്യത്തിൽ ആദ്യം ആ അവസ്ഥ ഇഷ്ടപ്പെട്ടിരുന്നു..ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും എല്ലാം മാറി ഉത്തരവാദിത്തങ്ങൾ ഒക്കെ മറന്ന് ഒരു സമർപ്പണം. അമ്മയുടെ വാൽസല്യമെല്ലാം നുകർന്ന് ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്..എന്തായാലും പോകാം.. കൂടാതെ ഇപ്പോൾ പളനിയിലും പോകാമല്ലോ. 

 " ചെങ്കോട്ട, രാജപാളയം വഴി പോയാൽ മതി . അതാവുമ്പോൾ മഴയും കുറവായിരിക്കും. മഹേഷിന്റെ  സ്കോർപിയോ എടുക്കാം. ഇയാൾ വാ. നമുക്ക് പോകാം"   എന്നു  പറഞ്ഞിട്ട്, അനിയൻ പതിവ് പോലെ പെട്ടെന്ന് കട്ട്‌ ചെയ്തു. പണ്ട് പാലക്കാട്ട് നിന്നും കൂട്ടുകാരോട് കൂടി പളനിയിൽ പോയത് ഓർമ വന്നു. പൊള്ളാച്ചി വഴി പോവുന്ന മീറ്റർഗേജ് പാത. പുലർച്ചെ സ്റ്റേഷനിൽ എത്തുമ്പോൾ ശിവഗിരിക്കുമപ്പുറം പൊൻപ്രഭ ചൊരിയുന്ന സൂര്യൻ. ഉണർന്നുവരുന്ന തെരുവുകൾ. കുതിരവണ്ടിയുടെ ചട ചട ശബ്ദം. കുന്നിന്റെ മുകളി നിന്ന് വരുന്ന സുന്ദരമ്മാളിന്റെ  ജ്ഞാനപ്പഴം...പിന്നെ മടങ്ങുമ്പോൾ തിളക്കുന്ന മധ്യാഹ്നവെയിലിന്റെ ആലസ്യത്തിൽ ഉറങ്ങുന്ന മഞ്ഞപ്പാടങ്ങളുടെ ദൃശ്യം പഴയ കൊടാക് ക്യാമറയിൽ പകർത്തിയത്... അന്ന് അത് ഒരു മണിരത്നം ഫിലിംഫ്രെയിം പോലെ തോന്നിച്ചിരുന്നു. 

       " ചുരുങ്ങിയത് 51 വീടെങ്കിലും എടുക്കെണ്ടേ. അത് തന്നെ 4-5 മണിക്കൂർ എടുക്കും. പീലിക്കാവടി എടുക്കാം. പീലി, കച്ച, ഗണപതിയോരുക്ക്, കാപ്പ്, നാരങ്ങ, വെറ്റയില പിന്നെ എന്തൊക്കെ വേണമോ ആവൊ. അമ്മാമ്മയോടു  ചോദിക്കാം ഇക്കാര്യങ്ങളിൽ അവൾക്കുള്ള അറിവ് അറിയാമായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല. എങ്കിലും ഭിക്ഷ എടുക്കുന കാര്യമാലോചിച്ചപ്പോൾ എന്തോ ഒരു മടി തോന്നി. പിന്നെ ധൈര്യ  ക്കുറവു കൊണ്ട് മറ്റെന്തോ ആലോചിച്ചു.

 നാട്ടിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോ ഴും പളനിയെക്കുറിച്ച് തന്നെയാണ്  ഓർത്തത്‌ . വെറ്റയും കപ്പയും കൃഷി ചെയ്തിരുന്ന എന്റെ നാട്ടുകാർ അവരുടെ കരുതലിന്റെ ഭൂരിഭാഗവും വ്യയം ചെയ്തിരുന്ന കാവടി പൂജകൾ. കുരുത്തോല പന്തലുകൾ. പ്ലാവിലക്കുമ്പിളിലെ കഞ്ഞിയുടെ സംതൃപ്തി, ഹരിനാമജപം, മേജർസെറ്റ് ഭജന.

കൊണ്ടു വാ തങ്കമയിലെ

വേലപ്പനെ കൊണ്ടുവാ തങ്കമയിലെ

കണ്ടൊന്നു കൈതൊഴുവാൻ

എൻ വേലപ്പനെ കൊണ്ടു വാ തങ്കമയിലെ”

പിന്നെ ജ്വലിക്കുന്ന  ആഴിയിലൂടെ കുത്തിമറിയുന്ന ഭക്തൻ  അപ്പൂപ്പൻ,പെണ്ണുങ്ങളുടെ കുരവയിടൽ,മുടിയഴിച്ചിട്ട് ഉന്മാദത്തിലെന്ന പോലെ തുള്ളുന്ന മാധവി ഇച്ചായി,ചെണ്ടയുടെ താളത്തിനൊപ്പം പന്തലിനെ  പ്രദക്ഷിണം ചെയ്യുന്ന കാവടിധാരികളെ അനുഗമിക്കുന്ന കാഴ്ചക്കാർ...

ഒടുവിൽ ‘ഹര ഹരോ ഹര ഹര’ വിളികളുടെ ഉച്ചസ്ഥായിയിൽ ജരാനരകൾ എഴുന്നു നിൽക്കുന്ന സ്വന്തം കവിളിലൂടെ ശൂലം കുത്തിയിറക്കുന്ന ഭരതൻ മേശരി. ആയിരം കണ്ഠങ്ങളി നിന്ന് ഉയരുന്ന കുരവയിടിൽ ഒരു ആക്രോശമായി രൂപാന്തരം പ്രാപിക്കുന്നു...പിന്നെ നേർത്തുനേർത്ത്  ഇല്ലാതാവുന്നു….

ഞങ്ങൾ കുട്ടികൾ അപ്പോൾ പഴവും അവിലും മലരും കൽക്കണ്ടവും ഒക്കെ ഉള്ള പടുക്ക പങ്കിടുന്ന തിരക്കിലാവും. പിന്നെ പോയവർ മടങ്ങി വരാനുള്ള കാത്തിരുപ്പാണ്. പളനിയിലെ പഞ്ചാമൃതത്തിനു സ്വാദു കൂടുതലാണ്. ശബരിമലയിൽ പോയിവരുന്നവർ കൊണ്ടുവരുന്ന അരിപ്പായസത്തെക്കാൾ ഞാനതിഷ്ടപ്പെട്ടിരുന്നു.

 പളനിയും  ശബരിമലയും എന്റെ ഗ്രാമത്തിന്റെ  പ്രാചീനഅഭയസ്മൃതികളാണ്. ചന്നംപിന്നം മഴ പെയ്ത കർക്കടകം  വിതച്ച വറുതികളും, ലഹരിയുടെ സായന്തനങ്ങളും,  പോയ കാലത്തിന്റെ പാപതൃഷ്ണകളും വെടിഞ്ഞു ഭക്തിയുടെ പുതിയ ശ്മശ്രുക്കൾ വളരുന്ന വൃതകാലം. വൃശ്ചികം പിറക്കുമ്പോൾ ഇപ്പോളും ചിത്രാംഗദൻ കൊച്ചാട്ടന്റെ ഭജന ഓർമ്മ വരും. ഏതോ ആഷാഢരാത്രിയുടെ ലോകമുറങ്ങിയ വിനാഴികകളിലെപ്പോളോ  സർപ്പക്കാവിന്റെ സാന്ദ്ര നിശബ്ദതയിൽ പ്രണയത്തിന്റെ വിഷം നുകർന്ന അനശ്വരനായ കാല്പനികൻ.  മദ്യത്തിൽ ചാലിച്ച കനത്ത ശബ്ദം ഓർമയുടെ മങ്ങിയ അറകളിലെവിടെയോ ഇന്നും ഉണ്ട്.

" പന്തള രാജാവ് വേട്ടയാടി

മ്പ  തൻ തീരത്ത് വന്നൊരിക്കൽ

അന്തിമയങ്ങും നേരം പമ്പ  നല്ല

സന്ധ്യവിളക്കിന്റെ ശോഭ പോലെ “

ജ്ഞാനപ്പഴത്തിനു വേണ്ടി മഹേശ്വരനോട്  പിണങ്ങി കൈലാസം വിട്ടു പളനിമലയിൽ കുടിയുറപ്പിച്ച കാർത്തികേയൻ ഇതൊക്കെ അറിഞ്ഞിരുന്നോ ആവോ. അതിനു വേണ്ടിയായിരുന്നല്ലോ ചേരമാൻ പെരുമാൾ ദർശനം തന്റെ സാമ്രാജ്യത്തിനു അഭിമുഖമായി പടിഞ്ഞാറേക്ക് ആക്കിയത്. സസ്യശ്യാമളമായ തൻറെ രാജ്യത്തിന്‌ ഒരു കാവലാൾ...

"നാളെ രാത്രി തന്നെ പുറപ്പെടേണ്ടി വരും. മറ്റന്നാൾ ഹർത്താലാണെന്നു തോന്നുന്നു " ട്രയിനിൽ നിന്നും ലഗേജ്  ഇറക്കുമ്പോൾ  അനിയൻ അറിയിച്ചു.

നന്നെന്നു മനസ്സ് മന്ത്രിച്ചു. അങ്ങനെയായാൽ പുലർച്ചെ അവിടെത്താം. പുലർച്ചയാണ്‌ മല കയറാൻ നല്ലത് .

"ട്രയിനിൽ വരുമ്പോഴെങ്കിലും നിനക്ക് ആ മൊബൈൽ ഒന്നു ചാർജ് ചെയ്തു കൂടെ? വിളിക്കുകയുമില്ല, വിളിച്ചാലോ സ്വിച്ച് ഓഫ്‌ "  മോളെ വാരി എടുത്തു കൊണ്ട് അമ്മ പരിഭവിച്ചു.

പ്ലഗ്  പോയിന്റ്‌ കേടായ കാര്യം പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു. ഭഗവതിക്കാവിൽ നിന്നും കാവടി നിറച്ചു നഗ്നപാദരായി നടക്കുമ്പോൾ ശീലമില്ലാത്ത ഉള്ളംകാലടികൾ വേദനിച്ചു. വെള്ളിത്തളികയിൽ വീഴുന്ന നാണയത്തുട്ടുകൾ, പകരുന്ന ഭസ്മം ... പതുക്കെ ആദ്യത്തെ വിമുഖത മാറി. കാഴ്ചക്ക് ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിൽ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി കടന്നു പോവാൻ തുടങ്ങവെ ഒരു വൃദ്ധ വിളിച്ചു ചോദിച്ചു " കാവടി ഇവിടെ കയറാതെ പോകുകയാണോ ?”

അവർ പോയി പത്തിന്റെ ഒരു നോട്ട് എടുത്തു തളികയിൽ ഇട്ട ശേഷം പറഞ്ഞു

" ഒരു വീടും വിടരുത്, ചെറുതായാലും വലുതായാലും “

ജാള്യത കൊണ്ടു ശിരസ്സ്‌ താണു പോയി. പുറത്തു ശംഖിന്റെ ശബ്ദം കേട്ടാൽ ടി വി യിൽ നിന്നും കണ്ണെടുക്കാതെ അമ്മയോട് പറയുന്നതോർത്തു

"അമ്മേ ..കാവടി വന്നെന്നു തോന്നുന്നു... ചില്ലറ ഉണ്ടോ എന്നു നോക്കൂ “

പിന്നെ ഒരു വീടും വിട്ടില്ല.

ഇടക്കെവിടെയോ ഒരു വീട്ടിൽ പറഞ്ഞു

" മഴ ആയതു കൊണ്ട് ജോലിക്കൊന്നും പോണില്ല. ചില്ലറ ഒന്നും ഇല്ലല്ലോ"

അനുഗ്രഹം മാത്രം മതി എന്നു പറഞ്ഞു തിരിച്ചു നടക്കുമ്പോൾ ഒരു വല്ലായ്മ തോന്നി. ഞാൻ എത്ര പൈസ ചുമ്മാതെ കളയുന്നു. ഇവിടെ ഒരു കുടുംബം മാനത്തിന്റെ നാലുചുമരുകൾക്കുള്ളിൽ തങ്ങളുടെ അല്ലൽ ആരുമറിയാതെ കഴിച്ചു കൂട്ടുന്നു.    

മനസ്സിൽ കണക്കെടുത്ത വീടുകൾ കുറഞ്ഞു കുറഞ്ഞു വന്നു.

ഓരോ വീട്  കയറുമ്പോളും മനസ്സിൽ ഞാൻ ഇല്ലാതായി. എങ്ങും ദാക്ഷി ണ്യം മാത്രം. സഹിഷ്ണുത, ദയയുടെ മഹാസാഗരം.  

രാത്രി തന്നെ തിരിച്ചു. ഭജനകളില്ലാത്ത,കുരുത്തോലപ്പന്തലുകളില്ലാത്ത, കഞ്ഞിയും വട്ടയിലയിലെ പായസവും  ഇല്ലാത്ത പുറപ്പാട്.                                                                                                                          

കോരിച്ചൊരിയുന്ന മഴ. വണ്ടിയുടെ റിയർവ്യൂമിററിൽ മഴ പുതിയ പാളികൾ തീർത്തു. ചീറിയടിച്ച കാറ്റിൽ വേർപെട്ട ഒരു പെരുമരത്തിന്റെ ശിഖരം പാതയുടെ ഓരത്ത് ഹുങ്കാരത്തോടെ വന്നു വീണു. മലമ്പാതയിലൂടെ ഉളള  ആടിയുലഞ്ഞുള്ള യാത്രയിൽ മനംപിരട്ടൽ തോന്നിയ അമ്മക്കായി പാതയോരത്ത് വണ്ടി നിറുത്തിയപ്പോൾ എതിരെ ലോഡ് നിറച്ച കൂറ്റൻ ട്രക്കുകൾ തൊട്ടുരുമ്മി കടന്നു പോയി. പെരുമഴയത്താണ് മണ്ണിടിച്ചിൽ ഉണ്ടാവുകയെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അടുത്തു കൂടി  ഒഴുകുന്ന ആറിന്റെ  ശബ്ദം കൂടിക്കൂടി വരുന്നപോലെ തോന്നി.

 കടന്നു പോകുന്ന ഓരോ റോഡുകളുടെ നിർമിതിക്കും എത്ര അധ്വാനത്തിന്റെ കഥ പറയുവാനുണ്ടാവും. ഇടക്കിടക്ക് സിരകളിലെ  വീര്യത്തിനു വഴിപ്പെടാൻ വെമ്പുന്ന കണ്പോളകളെ പണിപ്പെട്ടു നിയന്ത്രിച്ച് വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഈശ്വരാ! ഈ  ജീവിതം എത്ര പേർക്ക് കടപ്പെട്ടിരിക്കുന്നു. ജീവിതം തന്നെ ഒരു ഭിക്ഷയാകുന്ന പോലെ, മഹാഭിക്ഷ.

 ചെങ്കൊട്ടയിലെ എസ്   വളവു തിരിഞ്ഞു വണ്ടി തമിഴ്നാടിന്റെ റെയിൻ ഷാഡോ ഏരിയയിലേക്ക് കടന്നപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. ഡ്രൈവിംഗ് സീറ്റിലിരുന്ന അനിയനെ വിശ്വസിച്ചു പതുക്കെ മയങ്ങി. നാഴികകൾ എത്ര കഴിഞ്ഞെന്നറിയില്ല. ഉണർന്നപ്പോൾ   

സ്റ്റീരിയൊയിൽ ജോണ്സൻമാഷിന്റെ സംഗീതം

"മൈനാപ്പൊന്മുടിയിൽ പൊന്നുരുകി തൂകിപ്പോയി “

ദൂരെ പഴനിമലക്കു മുകളിൽ പുലരിയുടെ തങ്കത്തേരുകൾ……….

                                                

                                                  

WhatsApp