Home

മുഖക്കുറിപ്പ്

Editorial Team
Editorial Team
.
.

രണ്ടു ഗവണ്‍‌മെന്റുകള്‍ രണ്ടു സമീപനങ്ങള്‍

നമ്മുടെ രാജ്യവും സംസ്ഥാനവും വളരെ പ്രത്യേകതയുള്ള ഒരു സാഹചര്യത്തിലൂടെയാണ്‌ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലും ആഭ്യന്തരമായും കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പരിതസ്ഥിതിയാണ്‌ നിലവിലുള്ളത്. സര്‍ക്കാരുകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ജനങ്ങളുടെ ജീവിത നിലവാരവും പുതിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്‌. കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ ഈ സാഹചര്യത്തെ എങ്ങനെയാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്?

ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരുന്ന കാഴ്‌ചയാണ്‌ നമുക്ക് ഈ കഴിഞ്ഞ വര്‍ഷം കാണാന്‍ കഴിഞ്ഞത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍‌വലിക്കേണ്ടി വന്ന ശക്തമായ സമരത്തിനാണ്‌ 2021 സാക്ഷ്യം വഹിച്ചത്. എന്നാല്‍ അതേത്തുടര്‍ന്ന് ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെട്ടോ? കാര്‍ഷിക വിപണിയെ കുത്തക മുതലാളിത്തത്തിന്റെ കൈകളില്‍ ഏല്‍‌പ്പിച്ചു കൊടുക്കാനുള്ള നീക്കം താല്‍ക്കാലികമായി പരാജയപ്പെട്ടെങ്കിലും, കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ഒരു നടപടിയും കേന്ദ്രം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് കര്‍ഷക ആത്മഹത്യ,  വര്‍ഷം തോറും പതിനായിരത്തിനു മേല്‍ എന്ന നിലയില്‍ വ്യത്യാസമില്ലാതെ തുടരുന്നു. അതായത്, തങ്ങളുടെ ഭരണത്തില്‍ 1,00,000 കര്‍ഷകര്‍ മരണമടഞ്ഞിട്ടും അവരെ രക്ഷിക്കാനുള്ള ഒരു നടപടിയും എടുക്കാനുള്ള ഉദ്ദേശ്യമൊന്നും കേന്ദ്ര ഗവണ്മെന്റിനില്ല.

കാര്‍ഷിക രംഗത്തെ ഉല്പാദകര്‍ക്കെതിരെ എങ്ങനെ കര്‍ഷക നിയമം കൊണ്ടു വന്നോ, അതേ മാതൃകയിലാണ് വ്യാവസായിക മേഖലയില്‍ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ കൊണ്ടുവരാന്‍ നോക്കിയത്. അതിനെതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പാണ്‌ ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ നടത്തിയത്. തൊഴില്‍ സമയം ഏകപക്ഷീയമായി ദീര്‍ഘിപ്പിക്കാനും, പെന്‍‌ഷന്‍, ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ വെട്ടിക്കുറയ്ക്കാനും, മിനിമം വേതനം വര്‍ദ്ധിപ്പിക്കാതിരിക്കാനുമാണ്‌ കേന്ദ്രഗവണ്മെന്റ് ശ്രമിക്കുന്നത്. അത് ആരെ സഹായിക്കാനാണ് എന്നത് വ്യക്തമാണ്‌.

ഇതിനോടു ചേര്‍ന്ന മറ്റൊരു നടപടിയാണ്‌, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം കൂടുതല്‍ ഉല്‍സാഹത്തോടെ തുടരുന്നത്. ആ വില്‍പ്പനയില്‍  സര്‍‌ക്കാരിനു താല്‍പ്പര്യമുള്ള മുതലാളിമാര്‍‌ക്ക് സാമ്പത്തിക പ്രയാസം നേരിട്ടാല്‍ അത് മറികടക്കാന്‍ പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം എടുത്ത് അവര്‍ക്ക് നല്‍കുക കൂടി ചെയ്യുന്നു. ഈ രീതിയില്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്‌.

എന്നാല്‍ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേരെയാണ്‌. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുകയും, അവയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‌ തടസ്സങ്ങള്‍ സൃഷ്ടിച്ചും ഈ പ്രക്രിയ പടിപടിയായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌. ഭാവിയില്‍ രാജ്യത്തെ മൊത്തത്തില്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ പിടിയില്‍ കൊണ്ടുവരാന്‍ ആലോചിച്ചുറപ്പിച്ചുള്ള നടപടികളാണ്‌ ഈ അധികാര കേന്ദ്രീകരണത്തില്‍ കാണാന്‍ കഴിയുന്നത്.

ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ഇടതുപക്ഷമുന്നണിയുടെ ഗവണ്‍‌മെന്റിന്റെ പ്രവര്‍ത്തനത്തെ ഇതുമായി താരതമ്യം ചെയ്യേണ്ടത്. സംസ്ഥാനത്തിന്റെ കാര്‍‌ഷിക-വ്യാവസായിക വളര്‍‌ച്ചയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ സര്‍ക്കാരിന്റെ സവിശേഷതയാണ്‌. കാര്‍‌ഷികരംഗത്ത് ആകെ കൃഷിഭൂമിയുടെ വിസ്തൃതിയും, അതില്‍ത്തന്നെ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ അളവും ഓരോ വര്‍ഷവും വര്‍‌ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറിയുടെ അളവും നല്ല തോതില്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ കര്‍ഷകരുടെ വരുമാനം 10 വര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയുണ്ടായി.

വ്യാവസായികരംഗത്താണെങ്കില്‍, സം‌രം‌ഭം നടത്താനുള്ള അനായാസതയില്‍ 2021-ല്‍ നിന്ന് 2024 ആകുമ്പോഴേക്ക് 28-ആം സ്ഥാനത്തു നിന്ന് രാജ്യത്ത് ഒന്നാമത്തെ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍, കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലാക്കിയും, കേന്ദ്രത്തില്‍ നിന്ന് വില്‍ക്കാന്‍ വെച്ചവ വാങ്ങി ഉല്‍പ്പാദനം തുടങ്ങിയും ആണ്‌ ഈ ഗവണ്‍‌മെന്റ് വ്യത്യസ്തമാകുന്നത്. പുതുസം‌രം‌ഭങ്ങള്‍ക്കുള്ള പ്രോല്‍സാഹനത്തിന്റെ പേരില്‍ കേരളത്തിലെ സ്റ്റാര്‍‌ട്ടപ്പ് മിഷന്‍ (KSUM) ലോകത്തെ ഏറ്റവും മികച്ച സം‌രം‌ഭക സൗഹൃദ സം‌വിധാനമായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ഇവയെല്ലാം സംസ്ഥാനത്തിന്റെ  സാമ്പത്തികവളര്‍‌ച്ചയ്ക്ക്‌ വലിയ പിന്തുണയാണ്‌ നല്‍കുന്നത്.


വിവിധ ദുരന്തങ്ങള്‍ക്കു വിധേയരാകേണ്ടി വന്നവരെ ചേര്‍‌ത്തുപിടിക്കുക എന്നതും ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്‌. ചൂരല്‍മലയില്‍ മണ്ണിടിച്ചിലിന്റെ ഫലമായി ജീവിതമാര്‍ഗ്ഗവും പാര്‍പ്പിടവും നഷ്ടപ്പെട്ട 400-ലധികം കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഒരു ടൗണ്‍‌ഷിപ്പാണ്‌ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

ഇതിനുപുറമെയാണ്‌ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അഞ്ചു പദ്ധതികള്‍. വീടില്ലാത്തവര്‍ക്ക് വീടു നല്‍കുന്നതിനുള്ള ലൈഫ് പദ്ധതി, ആരോഗ്യരം‌ഗത്തെ മുന്നേറ്റത്തിനുള്ള ആര്‍‌ദ്രം പദ്ധതി, വിദ്യാഭ്യാസരംഗത്തെ പശ്ചാത്തല സൗകര്യവികസനത്തിനുള്ള വിദ്യാകിരണം, പ്രകൃതിസൗഹൃദ വികസനത്തിനുള്ള ഹരിതകേരളം, കൂടാതെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിനുള്ള റീബില്‍ഡ് കേരള എന്നീ പദ്ധതികള്‍.

ഇതോടൊപ്പം, വിപുലമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ വഴി ആകെ ജനസംഖ്യയുടെ ആറിലൊന്നു പേര്‍ക്ക് ജീവനസഹായം നല്‍കുക വഴി ആരും അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കുക കൂടി ചെയ്യുന്നു ഈ സര്‍ക്കാര്‍. അതിന്റെ തുടര്‍ച്ചയായി, കഴിഞ്ഞ 5 വര്‍‌ഷത്തെ പരിശ്രമത്തിന്റെ ഫലമായി, ലോകത്തു തന്നെ ആദ്യമായി അതിദരിദ്രര്‍ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടാന്‍ പോവുകയാണ്‌.

ആ നിലയ്ക്ക് രാജ്യത്തെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്രഗവണ്‍‌മെന്റും, എല്ലാ വിഭാഗം ജനങ്ങളുടേയും അതിജീവനവും പുരോഗതിയും ഉറപ്പുവരുത്തുന്ന കേരളത്തിലെ സര്‍‌ക്കാരും രണ്ടു വികസന സമീപനങ്ങളുടെ നേര്‍ചിത്രങ്ങളാണ്‌. ഒന്ന് അധികാരകേന്ദ്രീകരണത്തിന്റെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും വഴി പിന്‍‌പറ്റുമ്പോള്‍, മറ്റേത് അധികാരവികേന്ദ്രീകരണത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും മാര്‍ഗത്തിലൂടെ നീങ്ങുന്നു.

WhatsApp